ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനുള്ള സഞ്ചാരികളെ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇതില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തുക. ബഹിരാകാശ മേഖലയില്‍ 1800 കോടി രൂപയുടെ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയാണ് ഗഗന്‍യാന്‍. നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം.
ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പേര് വിവരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണെന്നും സൂചനയുണ്ട്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ബ്രഹ്‌മ പ്രകാശ് കോംപ്ലകസില്‍ ഗഗന്‍യാന്‍ ഇന്റഗ്രേഷന്‍ ഫെസിലിറ്റിയില്‍ വച്ചായിരിക്കും പ്രഖ്യാപനം നടത്തുക. ബഹിരാകാശ മേഖലയില്‍ 1800 കോടി രൂപയുടെ മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
വിഎസ്എസ്‌സിയിലെ പുതിയ ട്രൈസോണിക് വിന്‍ഡ് ടണല്‍, മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ സെമി ക്രയോജനിക് എഞ്ചിന്‍ സ്റ്റേജ് പരീക്ഷണ സംവിധാനം, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി എന്നിവയാണ് ഉദ്ഘാടനം ചെയ്യുക.
170 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വ്യാസവുമുള്ള ട്രസോണിക് വിന്‍ഡ് ടണലില്‍ ശബ്ദത്തിന്റെ നാല് മടങ്ങ് വരെ വേഗതയിലുള്ള സഞ്ചാര സാഹചര്യം വരെ പുനസൃഷ്ടിക്കാനാകും. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണിത്.പുതുതലമുറ റോക്കറ്റുകളുടെ രൂപകല്‍പ്പനയില്‍ ഈ വിന്‍ഡ് ടണല്‍ നിര്‍ണായകമാകും.