കോൺഗ്രസിന്റെ സമരാഗ്നി സമാപന വേദിയിലും തമ്മിലടിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും. സദസിൽ നിന്നും നേരത്തെ പിരിഞ്ഞ് പോയതിൽ പ്രവർത്തകരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ കുറ്റപ്പെടുത്തി. എന്നാൽ, അഞ്ച് മണിക്കൂർ തുടർച്ചയായി ആളുകൾ ഇരുന്ന് പ്രസംഗം കേട്ടിരുന്നു എന്നും അതിൽ പ്രസിഡന്‍റിന് വിഷമം വേണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നൽകിയ മറുപടി.
കോൺഗ്രസ് സംഘടിപ്പിച്ച സമരാഗ്നി സമാപന വേദിയില്‍ പങ്കെടുത്ത പ്രവര്‍ത്തകർ പകുതിക്ക് തന്നെ മടങ്ങിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, സച്ചിൻ പൈലറ്റ് തുടങ്ങിയവരുടെ പ്രസംഗം കഴിഞ്ഞതോടെ തന്നെ പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്ക് ആരംഭിച്ചിരുന്നു.
ഇത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വല്ലാതെ ചൊടിപ്പിച്ചു. പിന്നെ പ്രതികരണത്തിൽ അല്പം അമർഷം കലർന്നു. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്ന് സുധാകരന്‍ ചോദിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ട് പേര്‍ സംസാരിച്ച് കഴിഞ്ഞ് ആളുകള്‍ പോവുകയാണെന്നും കുറ്റപ്പെടുത്തി.
പിന്നാലെ, സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പ്രവര്‍ത്തകര്‍ ഉച്ചയ്ത്ത് മൂന്ന് മണിക്ക് പൊരി വെയിലത്ത് വന്നതാണെന്ന് മറുപടി നൽകി. 2 പേരുടെ പ്രസംഗം കേട്ട് അഞ്ച് മണിക്കൂർ തുടർച്ചയായി ആളുകൾ ഇരുന്നു എന്നും ഈ സമയത്ത് പ്രവര്‍ത്തകര്‍ പോകുന്നതില്‍ പ്രസിഡന്‍ന്റിന് വിഷമം വേണ്ടെന്നും സതീശന്‍ പ്രതികരിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് പത്രസമ്മേളനത്തിൽ ഇരുവരുടെയും സ്വരച്ചേർച്ചയില്ലായ്മ പ്രകടമായിരുന്നു. പിന്നാലെ സമരാഗ്നി വേദിയിലും ഇത് തുറന്നടിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരുടെയും പോര് വെളിപ്പെടുന്നത്.