സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ സംഭവം, തിങ്കളാഴ്ചയോടെ മാത്രമേ ശമ്പളം ലഭിക്കു. ട്രഷറി അക്കൗണ്ടിലുണ്ടായത് സാങ്കേതിക തടസ്സമെന്ന് ട്രഷറി ഡയറക്ടറേറ്റിന്റെ വിശദീകരണം. മുടങ്ങിയത് ഒന്നാം തീയതി ശമ്പളം ലഭിച്ചിരുന്ന ഒരുലക്ഷം സർക്കാർ ജീവനക്കാർക്ക്.
ചരിത്രത്തിലാദ്യമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായത്. ഒന്നാം തീയതി തന്നെ ശമ്പളം കിട്ടേണ്ടിയിരുന്ന ഒരു ലക്ഷം സർക്കാർ ജീവനക്കാർക്കാണ് ഇന്നലെ ശമ്പളം എത്താതിരുന്നത്. സെക്രട്ടറിയേറ്റ്, റവന്യൂ, പോലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഇതിൽ ഉൾപ്പെടുക.
ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പളം അക്കൗണ്ടുകൾ, സർക്കാർ മരവിപ്പിക്കുകയായിരുന്നു. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. 5 ലക്ഷം പെൻഷൻകാരിൽ ബാങ്ക് വഴി പെൻഷൻ വാങ്ങുന്ന ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കും രാവിലെ പണം എത്തിക്കാൻ കഴിഞ്ഞില്ല.
വൈകിട്ട് 5 നാണ് ഇതിനുള്ള പണം കൈമാറിയത് ഇവർക്ക് ഇന്ന് പെൻഷൻ കൈപ്പറ്റാം. ട്രഷറിയിലെ ഇ ടി എസ് ബി അക്കൗണ്ടുകൾ നിക്ഷേപിക്കുന്ന പണമാണ് അവിടെ നിന്നും ബാങ്കുകളിലേക്ക് പോവുക. എന്നാൽ ഇന്നലെ ഇ ടി എസ് ബി യിലേക്ക് എത്തിയതായി കാണിച്ച പണം ബാങ്കിലേക്ക് പോയില്ല, ജീവനക്കാർ ഓൺലൈനായി പണം ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിലായിരുന്നു.
ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാ പ്രതിസന്ധി കാരണമെന്നാണ് സൂചന. സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല. അതിനിടയിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്.
പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശവും നൽകി. അതേസമയം പ്രതിഷേധം കടുപ്പിച്ച് സർക്കാർ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കുറ്റപ്പെടുത്തി.