പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം. മോന്‍സന്‍ മാവുങ്കലാണ് ഒന്നാം പ്രതിയാണ്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ക്രൈംബ്രാഞ്ചിൻ്റെ ആദ്യഘട്ട കുറ്റപത്രത്തിൽ മൂന്നുപേർ മാത്രമാണു പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് കേസിലെ മൂന്നാം പ്രതി. പുരാവസ്തു ഇടപാടിന്റെ ഭാഗമായി മോൻസനു കിട്ടിയ 25 ലക്ഷം രൂപയിൽ പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്.
മോൺസൻ വ്യാജ ഡോ ആണെന്ന് അറിഞ്ഞിട്ടും അക്കാര്യം മറച്ചുവെച്ചു, സാമ്പത്തിക തട്ടിപ്പിന് സുധാകരൻ കൂട്ടുനിന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരനെതിരെ കുറ്റപത്രത്തിലുള്ളത്. 420, 120 B വകുപ്പുകൾ പ്രകാരമുള്ള വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ നേരത്തെ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നതിനാൽ അന്ന് അറസ്റ്റ് ചെയ്ത് ഉടനെ വിട്ടയയ്ക്കുകയായിരുന്നു.
മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണയെയും കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മുൻകൂർ ജാമ്യത്തെ തുടർന്നു വിട്ടയയ്ക്കുകയായിരുന്നു പിന്നീട്. അടുത്ത ഘട്ട കുറ്റപത്രത്തിൽ കൂടുതൽ പേരുകൾ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന.
.