ടിബറ്റിലും സിന്‍ജിയാങിലും ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന് ഐക്യരാഷ്ട്രസഭ. മൗലികാവകാശങ്ങള്‍ പോലും ലംഘിക്കുന്നതില്‍ നിന്ന് ചൈന പിന്മാറണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
ചൈനീസ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംരക്ഷണ വിഭാഗം മേധാവി വോള്‍ക്കര്‍ ടര്‍ക്കാണ് കടുത്ത ഭാഷയില്‍ പ്രതികരണവുമായെത്തിയത്. ടിബറ്റ്, സിന്‍ജിയാങ് മേഖലകളില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങള്‍ നിര്‍ത്തലാക്കണമെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങളില്‍ നിന്നും പിന്മാറണമെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പറഞ്ഞു.
സിന്‍ജിയാങ് പ്രവിശ്യയിലെ പത്ത് ലക്ഷത്തിലധികം വരുന്ന വംശീയ ന്യൂനപക്ഷമായ ഉയ്ഗറുകള്‍ക്കെതിരെ നിര്‍ബന്ധിത തൊഴിലുള്‍പ്പെടെയുള്ള അവകാശ ലംഘനമാണ് ചൈന നടത്തുന്നത്. എന്നാല്‍ ഈ ആരോപണത്തെ എല്ലാം ബെയ്ജിങ് ശക്തമായി എതിര്‍ക്കുകയാണ്.
1950ല്‍ ടിബറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം ഇന്നോളം കടുത്ത അടിച്ചമര്‍ത്തലാണ് ചൈന ടിബറ്റിന് നേരെ ഉണ്ടായത് എന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ബെയ്ജിങുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
ടിബറ്റിലും സിന്‍ജിയാങിലും നടന്നു വരുന്ന എല്ലാ മൗലികാവകാശങ്ങളെയും എതിര്‍ക്കുന്നതായും ഇത്തരം നിയമങ്ങളും പോളിസികളില്‍ നിന്നും ചൈന പിന്മാറണമെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ജെനീവയില്‍ പറഞ്ഞു.