വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ കുട്ടികള്‍ പട്ടിണികിടന്നു മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. വടക്കന്‍ ഗാസയിലെ അല്‍-അവ്ദ,കമാല്‍ അദ്വന്‍ ആശുപത്രികളില്‍ ലോകാരോഗ്യ സംഘടനാ സഹായസംഘം നടത്തിയ സന്ദര്‍ശനത്തിനൊടുവിലാണ് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ന്റെ പ്രതികരണം.
യുദ്ധം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ഗാസയില്‍ അതിജീവനം വിദൂരത്ത് തന്നെയാണ്. വടക്കന്‍ ഗാസയിലെ ഏക ശിശുരോഗ ആശുപത്രിയായ കമല്‍ അദ്വാന്‍ ആശുപത്രി രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ഭക്ഷണത്തിന്റെ അഭാവം 10 കുട്ടികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
സഹായം ലഭിക്കാത്ത വടക്കന്‍ ഗാസയില്‍, പോഷകാഹാരക്കുറവ് മൂലം 16 കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. ഭക്ഷണത്തിന്റെ ദൗര്‍ലഭ്യത്തിന് പുറമേ, വൈദ്യുതിയുടെ അഭാവവും രോഗികളുടെ പരിചരണത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗവും നവജാതശിശു യൂണിറ്റും പോലുള്ള നിര്‍ണായക മേഖലകളില്‍ ഇവ സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ഓരോ ആഴ്ചയിലും യുഎന്‍ ആരോഗ്യ ഏജന്‍സി ആശുപത്രികളില്‍ 9,500 ലിറ്റര്‍ ഇന്ധനവും അവശ്യ മെഡിക്കല്‍ സപ്ലൈകളും എത്തിക്കുന്നുണ്ടെങ്കിലും ഇതുക്കൊണ്ട് മാത്രം ഗാസക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.
മാനുഷിക സഹായം സുരക്ഷിതമായും കൃത്യമായും വിതരണം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കാണമെന്ന് WHO മേധാവി ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.