ലോകം റമദാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്കൊരുങ്ങുമ്പോള്‍ ഗാസയില്‍ പട്ടിണിയും ക്ഷാമവും ഇതു വരെ ഉണ്ടായിരുന്നതില്‍ വച്ചേറ്റവും ഉയര്‍ന്ന തോതിലാണ്.അമേരിക്കയും അറബ് രാജ്യങ്ങളും മാനുഷിക സഹായങ്ങളെത്തിക്കുന്നുണ്ടെങ്കിലും ഗാസയിലെ അതിജീവനത്തിന് അത് പര്യാപ്തമല്ല
യുദ്ധം ആരംഭിച്ച് അഞ്ചു മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയിലെ കൊച്ചുകുട്ടികളില്‍ ആറിലൊരാള്‍ പോഷകാഹാരക്കുറവും അതു മൂലമുള്ള ജീവഹാനിയും നേരിടുന്നുണ്ടെന്നാണ് കണക്ക്.റമദാന്‍ ആരംഭിക്കുമ്പോള്‍ 3 ലക്ഷത്തിലധികം ആളുകളാണ് വടക്കന്‍ ഗാസയില്‍ ക്ഷാമവും പട്ടിണിയും അനുഭവിക്കുന്നത്.
നോമ്പുകാലത്തിനു മുമ്പായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അമേരിക്കയും ഐക്യരാഷ്ട്രസഭയും നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായെങ്കിലും പുണ്യമാസത്തില്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടേറസ് പ്രതികരിച്ചിരുന്നു.
റമദാന്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഗാസയിലേക്ക് വിമാനമാര്‍ഗമുള്ള ഭക്ഷണവിതരണം വര്‍ധിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം.അമേരിക്ക, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തിങ്കളാഴ്ചയും ഗാസയിലേക്ക് ആകാശമാര്‍ഗം മരുന്നും ഭക്ഷണപ്പൊതികളും എത്തിച്ചു.
എന്നാല്‍ ഇത്തരം എയര്‍ഡ്രോപ്പുകള്‍ കാര്യക്ഷമമല്ലെന്ന് ലോകരാജ്യങ്ങള്‍ പറയുമ്പോഴും അതിര്‍ത്തി വഴി ട്രക്കുകളിലൂടെ കൂടുതല്‍ സഹായങ്ങള്‍ ഗാസയിലേക്ക് കടക്കാന്‍ അനുവദിക്കുന്നതിനുള്ള സമ്മര്‍ദ്ദത്തെ ഇസ്രായേല്‍ പ്രതിരോധിക്കുന്നത് തുടരുകയാണ്.