കടമെടുപ്പ് പരിധിയില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം തുടരുന്നു. അയ്യായിരം കോടി രൂപ നല്‍കാമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളി. പതിനായിരം കോടി രൂപയെങ്കിലും വേണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീം കോടതി ഈ മാസം 21 വിശദമായ വാദം കേള്‍ക്കും.
കടമെടുപ്പ് പരിധിയില്‍ സമവായം നീളുന്നു.കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.ഇതിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേരളത്തിന് അയ്യായിരം കോടി രൂപ കൂടി കടമെടുക്കാനുള്ള അനുവാദം കൂടി നല്‍കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍ ഇത് കേരളം തള്ളി. പതിനായിരം കോടി രൂപയെങ്കിലും നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേന്ദ്രം നിലപാടില്‍ ഉറച്ചു നിന്നു. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രത്തിന് ഒറ്റനിലപാടാണെന്നും കേരളത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.വാദത്തിനിടെ അയ്യായിരം കോടി വാങ്ങിക്കൂടെ എന്ന് കോടതി കേരളത്തോട് ചോദിച്ചു.
എന്നാല്‍ തുക വേണ്ടെന്ന് കേരളം നിലപാടെടുത്തു. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രവും കേരളവും ആവശ്യപ്പെട്ടു.ഇരുവരും നിലപാടില്‍ ഉറച്ചു നിന്നതോടെ കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. 21 ന് വിശദമായ വാദം കേട്ട ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.