കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ നാളുകള്‍. മത്സ്യബന്ധനം നടത്തുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് പോലും മുടക്കുന്ന പണം കിട്ടാതായതോടെ മത്സ്യബന്ധന മേഖലയാകെ കടുത്ത ആശങ്കയിലാണ്.
വിദേശ മലയാളികള്‍ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം എത്തിക്കുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. കൊല്ലം ജില്ലയില്‍ മാത്രം ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ നേരിട്ട് ഈ തൊഴിലില്‍ ഏര്‍പ്പെടുന്നു. മത്സ്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം അമ്പതിനായിരത്തോളം പേരും തൊഴില്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഈ മേഖലയാകെ തകര്‍ച്ച നേരിടുകയാണ്. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ തിരികെ എത്തുമ്പോള്‍ മുടക്കിയ പണത്തിന്റെ പകുതി പോലും കിട്ടാത്ത അവസ്ഥയാണ്.
അടിക്കടി ഉണ്ടാകുന്ന ഡീസല്‍ വര്‍ധന, റോഡ് മാര്‍ഗ്ഗമുള്ള വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സെസ് തന്നെ കടലില്‍ പോകുന്ന ബോട്ടുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളതും ഈ മേഖലയിലെ പ്രതിസന്ധിക്ക് കാരണമാകുന്നു.പല ബോട്ടുകളും മാസങ്ങളോളം നീറ്റിലിറക്കാതെ കരയില്‍ തന്നെയാണ്. മത്സ്യലഭ്യത കുറഞ്ഞത് കയറ്റുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്.പ്രതിസന്ധി നേരിട്ടിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ മേഖലയെ രക്ഷിക്കുവാന്‍ ഇടപെടുന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.
മൂന്നുമാസങ്ങള്‍ക്കകം ട്രോളിംഗ് നിരോധനം കൂടി എത്തുന്നതോടെ മത്സ്യബന്ധന മേഖലയിലുള്ളവര്‍ കൂടുതല്‍ ദുരിതത്തില്‍ ആകും. ഇപ്പോഴത്തെ പ്രതിസന്ധി തുടരുകയാണെങ്കില്‍ അധികം താമസിയാതെ മത്സ്യബന്ധന മേഖല താറുമാറുമാകുമെന്നാണ് വിദഗ്ധരുടെയും അഭിപ്രായം. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കി ഈ മേഖലയെ കരകയറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.