സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ സർക്കാർ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിന് തിരിച്ചടി. കുടിശ്ശിക തീർക്കാതെ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചു. ഏപ്രിൽ ഒന്നുമുതലാണ് പെട്രോൾ നൽകുന്നത് പൂർണമായി നിർത്തിവയ്ക്കുക.
കഴിഞ്ഞ ജനുവരി ഒന്നിന് പോലീസ് വാഹനങ്ങൾക്കും മറ്റു സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് സർക്കാർ ആറുമാസത്തെ കുടിശ്ശികയിൽ നിന്നും നാലുമാസത്തേത് പമ്പുകൾക്ക് നൽകി. എന്നാൽ വീണ്ടും കുടിശ്ശിക വരുത്തിയത് പെട്രോൾ പമ്പുകൾളെ പ്രതിസന്ധിയിലാക്കി. ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്.
പിന്നാലെ പോലീസ്, ഫയർഫോഴ്സ്, റവന്യൂ, മറ്റ് സർക്കാർ കരാറുകാർ എന്നിവർക്കുള്ള ഇന്ധനവിതരണം ഏപ്രിൽ ഒന്നുമുതൽ പൂർണമായി നിർത്തിവയ്ക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു. നാലുലക്ഷം മുതൽ 25 ലക്ഷംവരെ പല പമ്പുകൾക്കും കിട്ടാനുണ്ട്. മാർച്ച് 31-ന് മുഴുവൻ കുടിശ്ശികയും തീർക്കാത്തപക്ഷം സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തിവയ്ക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് പോലീസും സർക്കാർ വാഹനങ്ങളും സജീവമായി പ്രവർത്തിക്കേണ്ട സമയത്താണ് ഇന്ധന പ്രതിസന്ധി നേരിടുന്നത്.