ശേഷിക്കുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഇന്നുണ്ടാകാന്‍ സാധ്യത. കൊല്ലം, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് പൂര്‍ത്തിയാകാനുള്ളത്
കഴിഞ്ഞ പ്രാവശ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വം ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തും വയനാട്ടിലും മികച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്നാവശ്യം സംസ്ഥാന നേതൃത്വവും മുന്നോട്ടുവച്ചിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്താണ് മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കൊല്ലത്ത് സിനിമ സീരിയല്‍ നടന്‍ കൃഷ്ണകുമാര്‍, ബിജെപി വക്താവ് സന്ദീപ് വജസ്പതി എന്നിവരുടെ പേരുകളും എറണാകുളത്ത് മേജര്‍ രവി എബിവിപി മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി എന്നിവരുമാണ് പരിഗണനയിലുളളത്. വയനാട്ടില്‍ അബ്ദുള്ളക്കുട്ടിയോ അനൂപ് ആന്റണി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
അതേസമയം തിരുവനന്തപുരം ആറ്റിങ്ങല്‍ പത്തനംതിട്ട തൃശ്ശൂര്‍ പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ പ്രചാരണം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് എത്തും. യുഡിഎഫും എല്‍ഡിഎഫും മുന്നോട്ടുവയ്ക്കുന്ന വിവാദ വിഷയങ്ങളില്‍ പ്രതികരിക്കേണ്ടെന്നാണ് ബിജെപി ദേശീയ സംസ്ഥാന നേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ സമീപകാലത്ത് ഏറെ ചര്‍ച്ചയായ കണ്ണൂര്‍ റിസോര്‍ട്ട് വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും.
വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് ശേഷം പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്താനും ദേശീയ നേതാക്കളെ എത്തിക്കാനുമാണ് തീരുമാനം. വയനാട് എറണാകുളം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിക്കുന്നതും പരിഗണിച്ചു വരികയാണ്.