1996ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് തൃശൂര്‍ മണ്ഡലത്തിലായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരനാണ് അന്ന് സ്വന്തം രാഷ്ട്രീയ തട്ടകത്തില്‍ കാലിടറി വീണത്.
1996 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം വന്നപ്പോൾ കേരളം മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടി.കണ്ണോത്ത് കരുണാകരൻ എന്ന കെ കരുണാകരൻ സ്വന്തം തട്ടകത്തിൽ, തൃശൂരിൽ പരാജയപ്പെട്ടിരിക്കുന്നു.
1480 വോട്ടുകള്‍ക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി രാഘവനോടായിരുന്നു കെ. കരുണാകരന്റെ തോല്‍വി.കോൺഗ്രസ്സ് ക്യാംപിൽ ഒരുഭാഗത്ത് ദുഖവും മറുഭാഗത്ത് സന്തോഷവും അലയടിച്ച ദിവസം. അപ്രതീക്ഷിതമായ വിജയത്തിന്റെ അമ്പരപ്പ് അന്ന് ഇടത് മുന്നണിയിൽ പോലുമുണ്ടായിരുന്നു.
വി.വി രാഘവൻ എന്ന സിപിഐയുടെ സ്ഥാനാർത്ഥിക്ക് താൻ കരുണാകരനെ പരാജയപ്പെടുത്തിയെന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാവാനാകാത്ത അവസ്ഥ. അത്രമേൽ അമ്പരപ്പും അതിശയവും ഞെട്ടലുമുണ്ടാക്കിയ ഒരു ഫലം.ലോക്സഭയിലേക്കുള്ള കരുണാകരന്റെ കന്നിയങ്കമായിരുന്നു അത്.
പതിനായിരത്തിലേറെ വോട്ടുകൾക്ക് യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ, തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് പിസി ചാക്കോ ജയിച്ച മണ്ഡലത്തിൽ കരുണാകരൻ പരാജയപ്പെട്ടു. എങ്ങനെ തോറ്റു, എന്തുണ്ടായി എന്ന് ആരും അന്വേഷിച്ച് പോകേണ്ടതില്ല. ഉത്തരം അന്നേ കരുണാകരൻ വികാരനിർഭരനായി പറഞ്ഞിട്ടുണ്ട്. എന്നെ, മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി എന്ന്.