1967 ല്‍ നാലാം നിയമസഭാ തെരഞ്ഞെടുപ്പും നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടന്നപ്പോള്‍ കേരളത്തില്‍ ഇടത് തേരോട്ടമായിരുന്നു. കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നിയമസഭയിലാകട്ടെ 9 സീറ്റാണ് ലഭിച്ചത്.
സി.പി.എം നേതൃത്വത്തില്‍ രൂപപ്പെട്ട സപ്തകക്ഷി മുന്നണിയില്‍ സിപിഐ, മുസ്ലിം ലീഗ്, എസ്.എസ്.പി, കെ.എസ്.പി, കെ.ടി.പി എന്നിവരെല്ലാം അണിചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, കേരളാ കോണ്‍ഗ്രസ് ആ സഖ്യത്തിന്റെ ഭാഗമായില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒന്‍പത് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കേരളാ കോണ്‍ഗ്രസിന് ജയിക്കാനായത് അഞ്ചിടത്ത് മാത്രം. 133-ല്‍ 117 സീറ്റിന്റെ മഹാഭൂരിപക്ഷത്തോടെ സപ്തകക്ഷി മുന്നണി അധികാരത്തിലെത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും കൂടി 19-ല്‍ 12 സീറ്റ് സ്വന്തമാക്കി.
സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് മൂന്ന്, മുസ്ലിം ലീഗിന് രണ്ട്, ആര്‍.എസ്.പിക്ക് ഒന്ന്. കോണ്‍ഗ്രസ്സിന് മുകുന്ദപുരം സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അവിടെ സി.പി.ഐയിലെ സി.ജി. ജനാര്‍ദനനെ പനമ്പിള്ളി ഗോവിന്ദമേനോന്‍ തോല്‍പ്പിച്ചത് 53338 വോട്ടിനാണ്.
ഇന്ദിരാഗാന്ധിയുടെ കാബിനറ്റില്‍ അദ്ദേഹം അംഗമായി. കേരളത്തില്‍നിന്നുള്ള ആദ്യത്തെ കേന്ദ്ര കാബിനറ്റ് മന്ത്രി. സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെയാണ് എ.കെ.ജി കാസര്‍കോട്ടുനിന്നു ജയിച്ചത്. ഭൂരിപക്ഷം-1,18510. തലശ്ശേരിയില്‍ പാട്യം ഗോപാലന്‍ ,വടകരയില്‍ അരങ്ങില്‍ ശ്രീധരന്‍ കോഴിക്കോട്ട് ഇബ്രാഹിം സുലൈമാന്‍ സേട്ട് മഞ്ചേരിയില്‍ മുഹമ്മദ് ഇസ്മയില്‍ പൊന്നാനിയില്‍ സി.കെ. ചക്രപാണി എന്നിവരാണ് വിജയിച്ചത്.
പാലക്കാട് നിന്ന് ഇ.കെ. നായനാര്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരില്‍ സി. ജനാര്‍ദനന്‍ എറണാകുളത്ത് വി. വിശ്വനാഥമേനോന്‍, മൂവാറ്റുപുഴയില്‍ പി.പി. എസ്‌തോസ് എന്നിവരും സപ്തകക്ഷി മുന്നണിയുടെ എംപിമാരായി. പീരുമേട് മണ്ഡലത്തില്‍ സി.പി.ഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ വിജയിച്ചു. കോട്ടയത്ത് നിന്നും കെ.എം. അബ്രഹാം അമ്പലപ്പുഴയില്‍ നിന്നും സുശീലാഗോപാലന്‍ എന്നിവരും എംപിമാരായി.