കെജ്രിവാളിനെ കുടുക്കിയത് ഡൽഹി മദ്യനയകേസിൽ കോൺഗ്രസ് സ്വീകരിച്ച മുൻനിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസാണ് ഇത് സംബന്ധിച്ച് ആദ്യ പരാതി പൊലീസിന് നൽകിയത്. അതാണ് ഇ.ഡിക്ക് കടന്നു വരാൻ വഴിയൊരുക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇ.ഡി. അന്വേഷണം സംബന്ധിച്ച നിലപാടിൽ കോൺഗ്രസിനും ബിജെപി ക്കും എതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചത്. ഇപ്പോൾ ഡൽഹി വിഷയത്തിൽ സമര രംഗത്തുള്ള കോൺഗ്രസ് മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുൻ നിലപാട് തെറ്റാണെന്ന് തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഡൽഹിയിൽ നടന്ന ഇന്ത്യ റാലി ബിജെപിക്കുള്ള മുന്നറിയിപ്പാണ്. വലിയ ജനപങ്കാളിത്തമാണ് അതിനുണ്ടായത്. കോൺഗ്രസ് ഇതര പ്രതിപക്ഷ നേതാക്കളെ ഇ.ഡിയെ ഉപയോഗിച്ച് ബിജെപി വേട്ടയാടുമ്പോൾ അതിനൊപ്പം നിൽക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തീവ്ര ആർഎസ്എസ് നിലപാടുകളാണ് ബിജെപി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ അതിൻ്റെ ഭാഗമാണ്. എന്നാൽ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് പറയാൻ കോൺഗ്രസ് അധ്യക്ഷനോ രാഹുൽ ഗാന്ധിയോ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.