രണ്ടാഴ്ചയായി തുടരുന്ന ഇസ്രയേല്‍ റെയ്ഡിനെ തുടര്‍ന്ന് ഗാസയിലെ അല്‍-ഷിഫ ആശുപത്രി തകര്‍ന്ന നിലയില്‍. ഇസ്രയേല്‍ സൈനികര്‍ പിന്‍വാങ്ങിയതിന് പിന്നാലെ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഹമാസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, 9000ത്തോളം രോഗികളെ അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്ന് ലോകാരോഗ്യ സംഘടന.
മാര്‍ച്ച് 18 മുതല്‍ അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം നടത്തിവരുന്നുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ നിരവധിപേരാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ഇസ്രയേല്‍ റെയ്ഡിനെ തുടര്‍ന്ന് അല്‍-ഷിഫ ആശുപത്രി തകര്‍ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് ചെയയ്ുന്നു.
സൈനികര്‍ പിന്‍വാങ്ങിയതിനുപിന്നാലെ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഹമാസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാന മെഡിക്കല്‍ കോംപ്ലക്സ് അടക്കം തകര്‍ന്നു. ആശുപത്രി ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളില്‍ സമീപ പ്രദേശങ്ങള്‍ പോലും വിണ്ടുകീറിയതായി പ്രദേശവാസികള്‍ പറയുന്നു.
200 ഓളം ഭീകരരെ വധിച്ചതായും നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് പറയുന്നുണ്ട്. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കണ്ടെത്തിയതായും ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാഴ്ചത്തെ ഓപ്പറേഷനില്‍ സമീപത്തെ കെട്ടിടങ്ങളിലും പ്രദേശങ്ങളിലും തീവ്രമായ പോരാട്ടവും വ്യോമാക്രമണവും നടന്നിരുന്നു. അതേസമയം, ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ 9000ഓളം രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ന്നനിലയിലാണെന്നും ആയിരക്കണക്കിന് കാന്‍സര്‍ രോഗികളും വൃക്കരോഗികളും ചികിത്സയില്ലാതെ ദയനീയാവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. 3400 ലധികം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് രോഗികളാണ് ഇസ്രായേലിന്റെ അനുമതിയ്ക്കായി ഇപ്പോഴും കാത്തുനില്‍ക്കുന്നത്.