നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അതിജീവിത വീണ്ടും ഹൈക്കോടതിയില്‍. മെമ്മറികാര്‍ഡ് ചോര്‍ന്ന കേസിലെ അന്വേഷണത്തിലെ രേഖകള്‍ ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയിലെത്തിയത്.
മെമ്മറികാര്‍ഡ് ചോര്‍ന്ന കേസിലെ അന്വേഷണത്തിലെ രേഖകള്‍ ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയിലെത്തിയത്. സാക്ഷിമൊഴികളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ വേണമെന്നും രേഖകള്‍ കൈമാറാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് ലഭ്യമായത്. നെടുമ്പാശേരി കോടതിയിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും മെമ്മറി കാര്‍ഡ് ആരോ കണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത് പോയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്.
രണ്ട് കോടതികളിലെയും രേഖകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് കോടതി അന്വേഷണത്തിന്റെ ഭാഗമായി വിസ്തരിച്ചത്. ഈ ഉദ്യോഗസ്ഥരുടെ മൊഴിപ്പകര്‍പ്പ് വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ലഭ്യമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പില്‍ ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും ഉള്ളരേഖകള്‍ക്ക് നിയമപരമോ വസ്തുതാപരമോ ആയ പിന്‍ബലമില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി.
മെമ്മറികാര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട്, കേസിലെ പ്രതിയായ ദിലീപിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും.
അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരിയിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബറിലും രാത്രി മെമ്മറി കാര്‍ഡ് ആരോ കണ്ടെന്നാണ് അതിജീവിതയുടെ വാദം. ഫോറന്‍സിക് പരിശോധനയില്‍ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായും കണ്ടെത്തി.