ജൈവവൈവിധ്യസംരക്ഷണത്തിനായി കണ്ടാമൃഗക്കൊമ്പുകള്‍ വില്‍ക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റമഫോസായാണ് ടൂറിസ്സം വളര്‍ത്തുന്നത് സംബന്ധിച്ച പുതിയ പദ്ധതിപ്പറ്റി വിശദീകരിച്ചത്.
ഏഷ്യയില്‍നിന്നുള്ള വിനോദസഞ്ചാരികളെയാണ് പ്രധാനമായും ദക്ഷിണാഫ്രിക്ക പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കേവലം വിനോദസഞ്ചാരം എന്നതിനേക്കാളുപരി ആരോഗ്യരംഗത്തെ ടൂറിസം വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടയിരിക്കും ഈ വില്‍പ്പന.
കണ്ടാമൃഗക്കൊമ്പ് പൊടിരൂപത്തിലാക്കി വില്‍ക്കാനാണ് നിലവിലെ തീരുമാനം. ചൈനീസ് വൈദ്യവിധിപ്രകാരം കണ്ടാമൃഗത്തിന്റെ കൊമ്പ് കാന്‍സറിനും ലൈംഗികശേഷിയില്ലായ്മയ്ക്കും ഉത്തമപ്രതിവിധി ആണ്.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് പുറമേ സാമ്പത്തികവളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ധാരാളം നിധികള്‍ പ്രകൃതിയില്‍ ഉറങ്ങികിടപ്പുണ്ടെന്നും റമഫോസാ സൂചിപ്പിച്ചു.
ഇതിനോടൊപ്പം സീബ്ര, മുതല തുടങ്ങിയവയുടെ മാംസവും കയറ്റുമതി നടത്തുന്നതിനെക്കുറിച്ചും തങ്ങളുടെ ആലോചനയിലുണ്ടെന്നും റമഫോസാ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 8ന് പുറത്ത് വിട്ട പദ്ധതിയുടെ രൂപരേഖ പൊതുജനാഭിപ്രായം കാത്ത് കിടക്കുകയാണ്. അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാനതീയ്യതി മാര്‍ച്ച് 22 വരെയായിരുന്നെങ്കിലും ഇപ്പോള്‍ സമയപരിധി ഏപ്രില്‍ 12 വരെ നീട്ടിയിട്ടുണ്ട്.