വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കണ്ണൂർ കോഴിക്കോട് ജില്ലകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തു. കലാപാഹ്വാനം വ്യാജ പ്രചരണം നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സോഷ്യൽ മീഡിയയിലൂടെ വടകര എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ വ്യാജപ്രചരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തത്.
10 ദിവസങ്ങൾക്കു മുന്നേ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി ഗൾഫ് മലയാളിയായ മിൻഹാജിനെതിരെ മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കലാപാഹ്വനം, സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തൽ എന്നി വകുപ്പുകളാണ് ചേർത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്.
മട്ടന്നൂരിന് പുറമെ മിൻഹാജിനെതിരെ വടകര സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മിൻഹാജ് ഫോട്ടോ പ്രചരിപ്പിച്ചത്.വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പേരാമ്പ്ര സ്വദേശി സൽമാൻ വാളൂരിനെതിരെ പേരാമ്പ്ര പോലീസും കേസെടുത്തു.
മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജപ്രചരണം നടത്തിയ സംഭവത്തിൽ ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയും കേസ് എടുത്തിരുന്നു. പ്രതികൾ സജീവ ലീഗ് പ്രവർത്തകരും ലീഗ് അനുഭാവികളുമാണ് .