മാസപ്പടി വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ചോദ്യങ്ങളുന്നയിച്ച് കോടതി. സി എം ആർ എല്ലിനെയും കെ എം എം എല്ലിനെയും ബന്ധിപ്പിക്കുന്ന ഘടകമെന്തെന്ന് കോടതി ചോദിച്ചു. കേസ് 25 ന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദ്യങ്ങളുന്നയിച്ചത്.
കെഎംഎംഎലും സിഎംആര്‍എലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു. കൂടാതെ cmrl ഉം ടി വീണയും തമ്മിലുള്ള ബന്ധത്തിൽ വ്യക്തത വേണമെന്നും, അത് വിശദീകരിക്കാനും കുഴൽനാടൻ്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
കരിമണൽ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് നിയമവിരുദ്ധമായ സഹായങ്ങൾ മുഖ്യമന്ത്രിയുടെ മകള്‍ ചെയ്തെന്നും അതിന് പ്രതിഫലമായി വീണക്ക് മാസപ്പടി നൽകിയെന്നുമടക്കം ഒന്നലധികം ആരോപണങ്ങളാണ് ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചത്.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന നിലപാടിൽ നിന്ന് മാത്യു കുഴൽനാടൻ മാറിയിരുന്നു. ഈ ആവശ്യത്തിൽ വിധി പറയാനിരിക്കെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ചോദ്യങ്ങൾ ചോദിച്ചത്. കേസ് പരിഗണിക്കാനായി 25 ലേക്ക് മാറ്റി.