ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരേ മണ്ഡലത്തില്‍ നിന്നുള്ള സഹോദരങ്ങളുടെ അപൂര്‍വ വിജയത്തിന്റെ കഥയാണ് ഇനി. പഴയ മുകുന്ദപുരം മണ്ഡലത്തിലാണ് സഹോദരങ്ങളായ എ.സി.ജോര്‍ജും എ.സി.ജോസും വിജയിച്ചത്.
1970 ല്‍ പനമ്പിള്ളി ഗോവിന്ദ മേനോന്റെ മരണത്തെ തുടര്‍ന്നുള്ള ഉപ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് നേതാവായിരുന്ന എ.സി.ജോര്‍ജ് ആദ്യമായി വിജയിച്ചത്. ആനി തയ്യിലിനെ 21,369 വോട്ടിനായിരുന്നു ജയം. സംവിധായകന്‍ രാമു കാര്യാട്ട് ഈ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു എന്നത് മറ്റൊരു കൗതുകം.
ഏതാനു മാസങ്ങള്‍ക്ക് ശേഷം 1971 ലെ പൊതു തെരഞ്ഞെടുപ്പിലും എ.സി.ജോര്‍ജ് വിജയം ആവര്‍ത്തിച്ചു. സിപിഎമ്മിലെ സി.ഓ പോളാണ് അടിയറവ് പറഞ്ഞത്.. 1977 ലെ മൂന്നാം മത്സരത്തിലും മുകുന്ദപുരം എ.സി.ജോര്‍ജിനെ കൈ വിട്ടില്ല. സിപിഎം സ്വതന്ത്രന്‍ എസ്.സി.എസ് മേനോനെയാണ് തോല്‍പ്പിച്ചത്.
1998 ല്‍ എ.സി ജോര്‍ജിന്റെ സഹോദരന്‍ എ.സി.ജോസും മുകുന്ദപുരത്തിന്റെ മനസില്‍ ഇടം നേടി. എംപിമാരായിരുന്ന എ.സി.ജോസിനെയും പി സി ചാക്കോയെയും കോണ്‍ഗ്രസ് മണ്ഡലം മാറ്റിയപ്പോഴാണ് എ.സി ജോസ് മുകുന്ദപുരത്തെത്തിയത്. സിപിഎം നേതാവ് പി ഗോവിന്ദപിള്ളയെ 8949 വോട്ടിന് തോല്‍പ്പിച്ച് സഹോദരന്‍ വിജയിച്ച മണ്ഡലത്തില്‍ എ.സി.ജോസ് വിജയ കിരീടം ചൂടി.