ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജസ്നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി. പിതാവ് ജെയിംസ് ഉയർത്തുന്ന ആരോപണങ്ങളിൽ തുടരന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സിബിഐ.
ജസ്ന തിരോധാന കേസിൽ പിതാവ് ജയിംസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനവിരുദ്ധമാണെന്നാണ് സിബിഐ കഴിഞ്ഞ പ്രാവശ്യം കോടതിയെ അറിയിച്ചത്. കേസില്‍ ജനുവരി 22 ന് അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സിബിഐ റിപ്പോർട്ട് സമർപ്പിച്ചതാണ്. തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജസ്നയുടെ പിതാവ് നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുന്നത്.
പിതാവ് ജെയിംസ് ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ട പ്രകാരം, സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ നേരിട്ടെത്തിയാണ് പിതാവിന്റെ വാദങ്ങൾ കോടതിയിൽ തള്ളിയത്. ചില പ്രധാന കാര്യങ്ങൾ സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ജസ്‌നയുടെ പിതാവ് ജെയിംസ് ഉന്നയിക്കുന്ന ആക്ഷേപം.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്നയെ കാണാതാവുന്നത് 2018 മാർച്ച് 22 ആണ്. തുടർന്ന് അന്വേഷണത്തിൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ഒരു തുമ്പും കിട്ടാതായതോടെയാണ് കേസ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ ഏറ്റെടുത്തത്..