ഭക്ഷ്യവിഷബാധയെ തുടർന്ന് രാഹുൽ ഗാന്ധി കൊട്ടിക്കലാശത്തിന് വയനാട്ടിൽ എത്തില്ല. പകരം സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി റോഡ് ഷോ നയിക്കും. രാഹുലിന്റെ പ്രചരണത്തിനായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് വയനാട്ടിൽ എത്തും.
ഇന്ത്യ മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഗോദയിൽ രാജ്യം മുഴുവനും ഓടിനടന്ന രാഹുൽഗാന്ധിക്ക് ആരോഗ്യ പ്രശ്നത്തെ തുടർന്ന് സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൊട്ടി കലാശത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
കഴിഞ്ഞദിവസം ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽഗാന്ധിക്ക് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനാൽ അദ്ദേഹം വിശ്രമത്തിലാണ്.
ശാരീരിക അവശത ഉള്ളതിനാൽ 21 ന് റാഞ്ചിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ റാലിയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. കഴിഞ്ഞദിവസം തൃശ്ശൂരിലെയും ആലപ്പുഴയിലെയും എല്ലാം രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾ റദ്ദാക്കിയിരുന്നു.
നേരത്തെ തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം രാഹുൽ ഗാന്ധി ഇന്നും നാളെയും വയനാട്ടിൽ എത്തേണ്ടിയിരുന്നതാണ്. ശാരീരിക അസ്വസ്ഥത തുടരുന്നതിനാൽ അദ്ദേഹം ഇന്നും കൊട്ടികലാശത്തിനും എത്തില്ല. പകരം വയനാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സഹോദരി പ്രിയങ്ക ഗാന്ധി നയിക്കുന്ന റോഡ് ഷോ അരങ്ങേറുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധിയുടെ അഭാവം മറികടക്കാൻ പ്രിയങ്കയുടെ സാന്നിധ്യത്തിന് കഴിയുമെന്നാണ് കോൺഗ്രസ് പ്രവർത്തകരും വിശ്വസിക്കുന്നത്. രാഹുൽഗാന്ധിയുടെ അഭാവം മറികടക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയും ഇന്ന് എത്തും.
വൈകിട്ട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ എഐസിസി പ്രസിഡണ്ട് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കും. ആരോഗ്യം വീണ്ടെടുത്താൽ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തുമെന്നും സൂചനയുണ്ട്.