Share this Article
image
വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 41,976 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
The Chief Electoral Officer said that 41,976 security personnel have been deployed to ensure polling

ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കര്‍ശന സുരക്ഷ ഒരുക്കുന്നത്. 

സംസ്ഥാനത്ത് 25231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13272 സ്ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്തൊട്ടാകെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എഡിജിപി എം.ആര്‍ അജിത്ത് കുമാറാണ് പൊലീസ് വിന്യാസത്തിന്റെ നോഡല്‍ ഓഫീസര്‍. പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹര്‍ഷിത അട്ടല്ലൂരി അസി. സംസ്ഥാന പോലീസ് നോഡല്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ പോലീസ് ജില്ലകളെ 144 ഇലക്ഷന്‍ സബ്ബ് ഡിവിഷന്‍ മേഖലകളാക്കിയിട്ടുണ്ട്.

ഓരോന്നിന്റയും ചുമതല ഡിവൈഎസ്പി അല്ലെങ്കില്‍ എസ്പിമാര്‍ക്കാണ്. 183 ഡിവൈഎസ്പിമാര്‍, 100 ഇന്‍സ്പെക്ടര്‍മാര്‍, 4540 എസ് ഐ, എഎസ്ഐമാര്‍, 23932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 2874 ഹോം ഗാര്‍ഡുകള്‍, 4383 ആംഡ് പൊലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 24327 എസ്പിഒമാര്‍ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്.

കൂടാതെ 62 കമ്പനി സിഎപിഎഫും സുരക്ഷയൊരുക്കുന്നുണ്ട്. ഇതില്‍ 15 കമ്പനി മാര്‍ച്ച് മൂന്നിനും 21 നുമായി സംസ്ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്നാട്ടിലെ വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ഏപ്രില്‍ 20 ന് എത്തിയിരുന്നു.

പ്രശ്ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളില്‍ കേന്ദ്രസേനയുള്‍പ്പെടെ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫില്‍ നിന്നുള്ള 4464 പേരെയും തമിഴ്‌നാട്ടില്‍ നിന്നും 1500 പൊലീസുകാരെയും വിന്യസിപ്പിച്ചിട്ടുണ്ട്.

ഓരോ പോലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോള്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് തടസ്സപ്പെടാതിരിക്കാന്‍ ഒരു ദ്രുതകര്‍മ്മസേനയെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താന്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories