വിശ്വാസ ലക്ഷങ്ങളെയും ആഗോള ക്രൈസ്തവ സമൂഹത്തെയും നൂറ്റിഎഴുപതോളം രാജ്യങ്ങളുടെ ഭരണാധികാരികളടക്കം പ്രതിനിധികളെയും സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പാ ഇനി വിശുദ്ധമായൊരോര്‍മ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ദിവ്യബലിക്ക് ശേഷം റോമിലെ സാന്ത മരിയ മജോറെ ബസിലിക്കയില്‍ പാപ്പായുടെ ഭൗതികദേഹം അടക്കം ചെയ്തു. കര്‍ദിനാള്‍ തിരുസംഘത്തിന്‍റെ ഡീന്‍ ജോവാനി ബത്തീസ്തയുടെ നേതൃത്വത്തില്‍ നടന്ന സംസ്കാരചടങ്ങുകള്‍ക്ക് ലോകത്തിന്‍റെ പരിച്ഛേദം സാക്ഷിയായി.
12 വര്‍ഷം കത്തോലിക്കാ സഭയ്ക്കും ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ധാര്‍മികശബ്ദമാവുകയും ചെയ്ത അതേ മണ്ണിലേക്ക്, സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് അവസാനയാത്രയ്ക്കായി ഫ്രാന്‍സിസ് പാപ്പായെത്തി. ഇന്ത്യ, യുഎസ് ഉള്‍പ്പെടെ നൂറ്റിഎഴുപതോളം രാജ്യങ്ങളുടെ ഭരണാധികാരികളടക്കം പ്രതിനിധികള്‍, സഭയിലെ കര്‍ദിനാള്‍മാര്‍, പാത്രിയാര്‍ക്കീസുമാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, സന്ന്യസ്തര്‍, വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാര്‍ അങ്ങനെ എല്ലാവരേയും സാക്ഷിനിര്‍ത്തി അവസാനയാത്ര. കേരളത്തിന്‍റെ പ്രതിനിധികളായി കര്‍ദിനാള്‍മാരായ മാര്‍ ക്ലീമിസും മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോര്‍ജ് കൂവക്കാടും. സാന്ത മരിയ മജോറെയിലെ പരിശുദ്ധ ദൈവമാതാവിന്റെ രൂപത്തിനടുത്തേക്ക് അവസാനയാത്ര. ബസിലിക്കയിലെ ചാപ്പലുകള്‍ക്കിടയില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അള്‍ത്താരയ്ക്ക് സമീപം, വിശുദ്ധമായി ജീവിച്ച ഫ്രാന്‍സിസ് പാപ്പായ്ക്ക് അന്ത്യവിശ്രമം.