നടി ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ ഈശ്വറിന്റെ നീക്കം. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നായിരുന്നു നടി ഹണി റോസിന്റെ പരാതി.
ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വറിനെതിരെ നടി പരാതി നല്‍കിയത്. പരാതിയില്‍ നേരിട്ട് കേസെടുക്കാനാകുമോ എന്ന് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ച ശേഷം കേസടക്കമുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് നീങ്ങും.
അതേസമയം ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാകും കോടതി പരിഗണിക്കുക.