ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ഘട്ടത്തില്‍. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസഡന്റ് സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ഈ ആഴ്ച തന്നെ കരാര്‍ നലവില്‍ വരുമെന്നാണ് സൂചന. കരാര്‍ പ്രകാരം ആദ്യഘട്ടം ഹമാസ് 33 ബന്ദികളെ മോചിപ്പിക്കും. ബന്ദികളുടെ മോചനത്തിന് പിന്നാലെ ഇസ്രയേല്‍ ജനവാസ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങും.
42 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ഫിലാഡല്‍ഫി ഇടനാഴിയില്‍ തുടരാനും കിഴക്ക്- വടക്ക് അതിര്‍ത്തികളില്‍ 800 മീറ്റര്‍ ബഫര്‍ സോണ്‍ നിലനിര്‍ത്താനും കരാറില്‍ വ്യവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 15 വര്‍ഷത്തില്‍ കൂടുതല്‍ കസ്റ്റഡിയിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും.
കരാറിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് രണ്ടാഴ്ച കഴിഞ്ഞ് ആരംഭിക്കും. 94 ഇസ്രയേലുകാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.