വിമർശനം കൊണ്ട് നിറഞ്ഞ് കെ പി സി സി രാഷ്ട്രീയകാര്യ സമിതി. ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ വി.ഡി സതീശൻ ആരെന്ന് യോഗത്തിൽ ചോദ്യം. തമ്മിലടി തുടർന്നാൽ ചുമതല ഒഴിയുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ഇങ്ങനെ തുടർന്നാൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് നേതാക്കളുടെ മുന്നറിയിപ്പ്.
പരസ്യമായി തമ്മിലടിച്ച് വിവാദം സൃഷ്ടിക്കുന്നതിൽ നേതൃത്വത്തിന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നേരിടേണ്ടി വന്നത് രൂക്ഷ വിമർശനം. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ ഐക്യം ഉണ്ടായേ തീരു എന്ന അഭിപ്രായവും ഐക്യം വ്യക്തമാക്കാൻ സംയുക്ത വാർത്താസമ്മേളനം വിളിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
തദ്ദേശീയ തെരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാൽ പാർട്ടിക്കകത്തെ കലഹങ്ങൾ മാറ്റിവെയ്‌ക്കണമെന്ന വിഷയം തന്നെയാണ് പ്രധാനമായും ചർച്ചചെയ്യപ്പെട്ടത്..അതിനിടയിൽ പ്രതിപക്ഷ നേതാവിന് നേരെ വിമർശനം ഉണ്ടായി. 2026ൽ 43 സീറ്റുകൾ പുതുതായി എങ്ങനെ നേടാമെന്ന് കണക്കുകൾ നിരത്തി വി ഡി സതീശൻ വിശദീകരിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നുവെന്ന് എ പി അനിൽകുമാർ. തുടർന്നുണ്ടായ തർക്കം കെ സി വേണുഗോപാൽ ഇടപെട്ട് പരിഹരിച്ചു.
പ്രതിപക്ഷ നേതാവിന്റെ വസതി കോൺഗ്രസുകാരുടെ അഭയ കേന്ദ്രം അല്ലാതായി മാറിയെന്നായിരുന്നു ശൂരനാട് രാജശേഖരന്റെ വിമർശനം. തമ്മിലടി തുടർന്നാൽ ചുമതലൊഴിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി യോഗത്തിൽ അറിയിച്ചു. ചർച്ച ചെയ്താൽ തീരാത്ത പ്രശ്നങ്ങളില്ല എന്നായിരുന്നു കെ സിയുടെ അഭിപ്രായം. ഐക്യം വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് സംയുക്ത വാർത്താസമ്മേളനം വിളിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ലെന്നും ഇത്തരം ചർച്ച ഈ ഘട്ടത്തിൽ അനാവശ്യമാണെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി…കെപിസിസി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു…ചർച്ചകൾ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും പൊതുഅഭിപ്രായം ഉയർന്നു..
അതേസമയം അൻവറിന്റെ യു ഡി എഫ് പ്രവേശനം യോഗത്തിൽ വലിയ ചർച്ചയായില്ല..ധൃതി വേണ്ടെന്നും കൂട്ടായ തീരുമാനം കൈക്കൊള്ളാമെന്നുമാണ് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനം…