Share this Article
സംസ്ഥാനത്ത് ജനന നിരക്ക് ഗണ്യമായി കുറയുന്നു
Birth rate declining

സംസ്ഥാനത്ത് ജനന നിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 214893 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശിലും ജനന നിരക്ക് കുറയുകയാണ്.

കേരളത്തിലെ ജനന നിരക്ക് അപകടകരമായ തോതിലേക്ക് താഴുന്നു. ജനനനിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ 'യൗവ്വനം' ഇല്ലതാക്കുകയാണ്. 2011 ല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ആകെ ജനിച്ചത് 5,60,286 കുട്ടികളാണ്. 13 വര്‍ഷത്തിന് ശേഷം 2024 ല്‍ ജനിച്ച കുട്ടികള്‍ 3,45,447 ആയി കുറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047 എത്തുമ്പോള്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളേക്കാള്‍ പ്രായം ഏറെച്ചെന്നവര്‍ അധികമുള്ള സംസ്ഥാനമായി കേരളം മാറാനുള്ള സാധ്യത ഏറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടുകുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നത് മാനദണ്ഡമാക്കുന്ന കാര്യം ആലോചിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.അവിടെ ജനന നിരക്ക് 1.5 ല്‍ താഴെയാണ് ഇപ്പോള്‍ ശരാശരി.

കേരളത്തില്‍ ജനന നിരക്ക് 1.9 ആയിരിക്കുകയാണെന്നാണ് ജനസംഖ്യാ ശാസ്ത്രജ്ഞരുടെ അഭിപ്രായം. 2021ല്‍ നിരക്ക് 1.4 ആയിരുന്നു. 2024 ലെ നിരക്ക് ഒന്ന് കഷ്ടിയാണെന്നാണ് കണക്കുകള്‍. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കും. ഉല്‍പ്പാദനത്തില്‍, തൊഴില്‍ മേഖലയില്‍, സാമൂഹ്യ ക്രമത്തില്‍ എല്ലാം യുവജനതയുടെ കുറവ് ഉണ്ടാക്കാന്‍ പോകുന്ന വലിയ പ്രശ്‌നങ്ങളിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

ജില്ല തിരിച്ചുപറഞ്ഞാല്‍, തിരുവനന്തപുരത്ത് 2011 ല്‍ ജനിച്ചത് 54,902 കുട്ടികളാണ്. 2019 ല്‍ 44927, 2021 ല്‍ 37457, 2023 ല്‍ 36080, 2024 ല്‍ 31865 ആയി. കൊല്ലത്ത് നേര്‍ പകുതിയില്‍ താഴെയായി. 2011ല്‍ 37381 ആയിരുന്നത് 2024 ല്‍ 17834 ആയി കുറഞ്ഞു. പത്തനംതിട്ടയില്‍ 13 വര്‍ഷം കൊണ്ട് 17715 ല്‍ നിന്ന് 10729 ആയി. ആലപ്പുഴയില്‍ 23257 ല്‍ നിന്ന് 11426 ആയി കുറഞ്ഞു.

മലപ്പുറത്ത് 2011 ല്‍ 92004 ആയിരുന്നത് 2024 ല്‍ 73569 ആയി. കോഴിക്കോട്ട് 2011 ലെ 58799 ല്‍ നിന്ന് 2024ല്‍ 39317 ആയി കുറഞ്ഞു. കണ്ണൂരില്‍ 50944 ല്‍നിന്ന് 2821 ഉം കാസര്‍കോട്ട് 21927 ല്‍നിന്ന് 14369 ആയി താഴ്ന്നു. ജനന നിരക്ക് സംസ്ഥാനത്ത് ഗണ്യമായി കുറയുന്നതിനെ വിദഗ്ധര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്ത് തൊഴില്‍ സാദ്ധ്യത കുറയുന്നതും, ഉപരിപഠന സംവിധാനത്തിലെ പോരായ്മകളുമെല്ലാം ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് നിഗമനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories