അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് തുടര്‍ നടപടികള്‍ 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. നിലവില്‍ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. എന്നാല്‍ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ഈ ജന്മാവകാശ പൗരത്വത്തിന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കി. ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ച് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ താല്‍ക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
ഇതിനെ തുടര്‍ന്നാണ് ഉത്തരവിന്റെ തുടര്‍നടപടികള്‍ക്ക് സ്റ്റേ ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഈ ഉത്തരവ് ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കോടതി വിധി.