അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിയമം പാസാക്കി യു.എസ്. മോഷണക്കുറ്റത്തിനോ മറ്റേതെങ്കിലും ക്രിമിനല്‍കുറ്റത്തിനോ അറസ്റ്റ് ചെയ്യപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍, വിചാരണ കഴിയുന്നതുവരെ ജയിലില്‍ കഴിയണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യു.എസ്. കോണ്‍ഗ്രസ് അംഗീകാരം നല്‍കി.
കഴിഞ്ഞകൊല്ലം വെനസ്വേല സ്വദേശിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജിയയില്‍ നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥിനി ലേക്കണ്‍ റൈലിയുടെ പേരാണ് ബില്ലിന് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍വരും. അധികാരമേറ്റ ശേഷം ട്രംപ് ഒപ്പുവെക്കുന്ന ആദ്യബില്‍ ലേക്കണ്‍ റൈലി ബില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ട്രംപ് ഒപ്പിടുന്നതോടെ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള ഭരണകൂടത്തിന്റെ കടുത്ത നിലപാട് നിലവില്‍ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഡന്‍ ഭരണകൂടം പ്രകടിപ്പിച്ചിരുന്ന മാനുഷിക പരിഗണന ട്രംപില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് സൂചന.
നിയമം നിലവില്‍ വരുന്നതോടെ മോഷണം, വ്യാപാരസ്ഥാപനങ്ങളിലെ കവര്‍ച്ച, മരണത്തിനുവരെ ഇടയാക്കുന്ന വിധത്തിലുള്ള ഗുരുതര ശാരീരികപീഡനം തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ ജാമ്യമില്ലാതെ തടങ്കലില്‍ വെക്കാന്‍ ആഭ്യന്തരസുരക്ഷാവകുപ്പിന് സാധിക്കും.