ഒരുമാസത്തോളം നീണ്ടുനിന്ന കാടിളക്കിയ പ്രചാരണത്തിന് ഡല്‍ഹിയില്‍ ഇന്ന് കൊട്ടിക്കലാശം. ഭരണ തുടര്‍ച്ചയ്ക്ക് ആം ആദ്മി പാര്‍ട്ടിയും പിടിച്ചെടുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈമെയ് മറന്ന് പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വിവാദങ്ങള്‍ മുതല്‍ കൂടുമാറ്റം വരെ അരങ്ങേറിയ തിരഞ്ഞെടുപ്പാണ് ഇക്കുറി ഡല്‍ഹിയില്‍.
താരപ്രചാരകരുടെ പൊലിമയില്‍ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകുന്നേരം കൊട്ടിക്കലാശം. 70 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് ഫലം. ആദ്യ ഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലായിരുന്നു കൊമ്പുകോര്‍ക്കല്‍. രണ്ടാം ഘട്ടത്തില്‍ കേജരിവാളിനെ നേരിട്ട് ആക്രമിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് ഗോധയില്‍ നിറഞ്ഞതോടെ ഡല്‍ഹിയില്‍ ത്രികോണപ്പോരായി.
ബിജെപിയും ഡല്‍ഹി പോലീസും തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന കേജരിവാളിന്റെ ആരോപണം മുതല്‍ മദ്യനയ അഴിമതിക്കേസില്‍ കേജ്രിവാളിനെയും സിസോദിയയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡിയ്ക്ക് അനുമതി നല്‍കല്‍, കേജ്രിവാളും സിസോദിയയും മദ്യകുംഭകോണ ശില്‍പ്പികളെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം തുടങ്ങി യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന കേജ്രിവാളിന്റെ ആരോപണം വരെ ഉണ്ടായ തിരഞ്ഞെടുപ്പാണിത്.
അവസാന ഘട്ടത്തില്‍ എട്ട് എംഎല്‍എമാരുടെ രാജിയും ബിജെപി പാളയത്തില്‍ എത്തിയതും ആം ആദ്മി പാര്‍ട്ടി ക്യാമ്പിനെ തന്നെ ഞെട്ടിച്ചു. ആരോപണ പ്രത്യാരോപണങ്ങളും കൂടുമാറ്റങ്ങളും ഉണ്ടായ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.