അസം സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിദേശ പൗരന്‍മാരെ നാടുകടത്താത്തതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഉത്തരവ് നടപ്പാക്കാന്‍ ശുഭമുഹൂര്‍ത്തം കാത്തിരിക്കുകയാണോ എന്ന് കോടതി ചോദിച്ചു. 63 വിദേശികളെ ഉടന്‍ നാടുകടത്താനും കോടതി ഉത്തരവിട്ടു.
പൗരത്വ രജിസ്റ്റര്‍ പ്രകാരം വിദേശികളെന്ന് കണ്ടെത്തിയവരെ അവരുടെ നാടുകളിലേക്ക് അയക്കാത്തതില്‍ അസം സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കോടതികുറ്റപ്പെടുത്തി. തടങ്കലിലുള്ള വിദേശികളുടെ നാട്ടിലെ മേല്‍വിലാസം ഇല്ലെന്ന സര്‍ക്കാരിന്റെ വിശദീകരണം കോടതി തള്ളി.
കള്ളം പറഞ്ഞതിന് അസം സര്‍ക്കാരിന് നോട്ടീസയക്കാനും കോടതി തീരുമാനിച്ചു. ഒരാളെ വിദേശിയെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കണമെന്നും അനന്തകാലം തടങ്കലില്‍ വയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.