അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ചു തുടങ്ങി അമേരിക്ക. കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനമായ സി 17 ഇന്ത്യയിലേക്ക് പുറപ്പെട്ടു. അനധികൃതമായി കുടിയേറിയ പതിനെട്ടായിരം ഇന്ത്യക്കാരെ നാടുകടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. അമേരിക്കയില്‍ രേഖകളില്ലാത്ത 11 ദശലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങിയതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
ഇന്ത്യയ്ക്ക് പുറമേ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ അനധികൃത കുടിയേറ്റക്കാരെയും തിരിച്ചയച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അമേരിക്ക സന്ദര്‍ശിക്കാനിരിക്കേയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നത്.
12, 13 തീയതികളിലായിരിക്കും സന്ദര്‍ശനം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് യാത്ര. അമേരിക്കയില്‍ എത്തുന്ന മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും.