സംസ്ഥാനത്തെ ചെക്പോസ്റ്റ് ഡ്യൂട്ടികളിൽ അഴിച്ച് പണിയുമായി മോട്ടോർ വാഹന വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റുകൾ ഇനി മുതൽ പ്രവർത്തിക്കുക രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിജിലൻസിന്റെ നേതൃത്വത്തിൽ വ്യാപകമായ റൈഡ് ആണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നടത്തുന്നത്. മോട്ടോർ വാഹന വകുപ്പിന് പലപ്പോഴായി അതിർത്തികളിലുള്ള 20 ചെക്ക് പോസ്റ്റുകളിൽ നിന്നും നിരവധി കള്ളപ്പണങ്ങൾ ലഭ്യമാകുന്നത് പതിവാണ്. ഈ രീതികൾ പതിവായതോടെയാണ് 20 ചെക്ക് പോസ്റ്റുകളുടെയും പ്രവർത്തനത്തിൽ ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി നിലവിൽ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥരെ നിയമിക്കുവാനുള്ള ചുമതല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ്. ഇനിമുതൽ ഒരു ചെക്ക് പോസ്റ്റിൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ , അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഓഫീസ് അറ്റൻഡർ എന്നിവരെ മാത്രമാണ് നിയമിക്കുന്നത്. ഇതുപ്രകാരം 15 ദിവസം മാത്രമായിരിക്കും ഒരു ഉദ്യോഗസ്ഥന് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടി നൽകുക.
24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ചെക്ക് പോസ്റ്റുകൾ ഇനി പ്രവർത്തിക്കുക എട്ടു മണിക്കൂർ മാത്രം. നികുതി വെട്ടിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനും പ്രത്യേക നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആർടിഒ എൻഫോഴ്സ്മെന്റ് നിരന്തരം ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.