പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12, 13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കും. ഡൊണാള്‍ഡ് ട്രംപ് രണ്ടാംതവണയും യു.എസ്. പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യത്തില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച വിവാദത്തിനിടെയും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതിത്തീരുവ സംബന്ധിച്ച് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയുമാണ് മോദിയുടെ സന്ദര്‍ശനം.
യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി 10ന് ഫ്രാന്‍സിലെത്തുന്ന മോദി 12 വരെ പാരിസില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
മാക്രോണിനൊപ്പം എഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദി അധ്യക്ഷത വഹിക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ തീയതി പുറത്തുവിട്ടത്.