സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളില്‍ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓള്‍ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണു ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്.
2012 ല്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5000 രൂപ, 3500 രൂപ എന്നിങ്ങനെ കോടതി തുക നിശ്ചയിച്ചിരുന്നു. സര്‍ക്കാര്‍ പിന്നീട് പലപ്പോഴായി തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ 12,500, 7500 രൂപ വീതമാണു കിട്ടുന്നത്.
ജീവിതച്ചെലവിലെ വര്‍ധന കണക്കാക്കിയാല്‍ തുക കൂട്ടിയേ തീരൂവെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നതു പ്രീ പ്രൈമറി തലത്തിലാണെന്നും ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ എത്രയും വേഗം സേവന വ്യവസ്ഥകള്‍ തയാറാക്കണം.
മുന്‍ ഉത്തരവുണ്ടായ 2012 ഓഗസ്റ്റ് 1 മുതല്‍ പുതിയ നിരക്കില്‍ കുടിശിക കണക്കാക്കി 6 മാസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. സേവന വ്യവസ്ഥകള്‍ക്കു രൂപം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 2012 ഓഗസ്റ്റ് ഒന്നിനുള്ള നിര്‍ദേശം ഇപ്പോഴും നടപ്പായിട്ടില്ല. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ ഏബ്രഹാം വാക്കനാല്‍, ജോര്‍ജ് പൂന്തോട്ടം തുടങ്ങിയവര്‍ ഹാജരായി.