ലോകത്തെ ആശങ്കയിലാക്കിയ യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ ,യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളാണ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. പുടിനെപ്പോലെ സെലന്‍സ്‌കിയും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സൗദി അറേബ്യയില്‍ വെച്ച് പുടിനുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തും. ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ദം അവസാനിപ്പിക്കാനുള്ള ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞേക്കും. ഇരുനേതാക്കളും ട്രംപുമായി സംസാരിച്ച കാര്യം സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഒന്നര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്ക് ക്ഷണിച്ചതായി റഷ്യ അറിയിച്ചു. സമാധാനം കൈവരിക്കാനുള്ള അവസരം ഉള്‍പ്പെടെ ചര്‍ച്ചയായെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. ട്രംപിന്റെ ഇടപെടലോടെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിന്റെ അന്ത്യത്തിലേക്ക് അടക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം ട്രംപിന്റെ സൗദി സന്ദര്‍ശനം ഗാസയുടെ വിഷയത്തിലും നിര്‍ണായകമാണ്.