തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമത്തിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാര്‍ ചുമതലയേല്‍ക്കുന്നത്.
ഗ്യാനേഷ്‌കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. 2023ലെ പുതിയ നിയമമനുസരിച്ച് നിയമിതനാകുന്ന ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാര്‍. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കാനുള്ള സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിനുള്ള പട്ടിക രാഷ്ട്രപതിക്ക് കൈമാറാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രികോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്ന് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയത്.
പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രിയും ചേര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കേണ്ടത്.