ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചത് ആശങ്കാജനകമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ആര്‍ക്കാണ് ധനസഹായം കിട്ടിയതെന്ന് പരിശോധിക്കണം എന്നും ജയശങ്കര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇത് പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം, തന്റെ സുഹൃത്ത് മോദിക്ക് യുഎസ് എയിഡ് കിട്ടിയെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി വിശദീകരണം നല്കണമെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. ഇന്ത്യയില്‍ പോളിങ് ശതമാനം ഉയര്‍ത്താനെന്ന പേരില്‍, തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാന്‍ അമേരിക്ക 170 കോടി ചെലവാക്കിയെന്നാണ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചത്.
അമേരിക്കയില്‍ വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്താന്‍ ഇത് പോലെ പണം ചെലവഴിക്കാത്തതെന്താണെന്ന് ട്രംപ് ചോദിച്ചു. യുഎസ് ഫണ്ട് വന്നത് ആശങ്കാജനകമെന്ന് വിദേശകാര്യ വക്താവ് പ്രതികരിച്ചെങ്കിലും അമേരിക്കയോട് ഇതിന്റെ വിശദാംശം ആവശ്യപ്പെടാന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും തയ്യാറായിട്ടില്ല.