കോൺഗ്രസിന്റെ നേതൃയോഗം ഇന്ന് ചേരും. കെപിസിസി ഭാരവാഹികളും ഡിസിസി അംഗങ്ങളും പങ്കെടുക്കും. വൈകുന്നേരം 8 മണിക്ക് ഓൺലൈനാണ് യോഗം ചേരുന്നത്. തരൂർ വിഷയവും യോഗത്തിൽ ചർച്ചയായേക്കും.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലുവിളിയും യോഗത്തിൽ ചർച്ചയായേക്കും. വ്യവസായ മേഖലയിൽ കേരളം മുന്നേറ്റം നടത്തുന്നുവെന്ന ലേഖനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് ശശി തരൂരിൻ്റെ അഭിമുഖം കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്.
പാർട്ടി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയായി മാറിയിരിക്കുന്ന ശശി തരൂരിനെ പാർട്ടി കൈവിടുമോ എന്ന ചർച്ചകളും സജീവമാകുന്നുണ്ട്. തൻ്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും കഴിഞ്ഞദിവസമാണ് തരൂർ പറഞ്ഞ്. പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് ശശി തരൂരിന്റെ മുന്നറിയിപ്പും പാർട്ടിക്ക് അവഗണിക്കാൻ കഴിയുന്നില്ല.
സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ പാർട്ടിയെ വെല്ലുവിളിക്കുകയാണെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. ഒരുവിഭാഗം നേതാക്കൾ തരൂരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗം തരൂരിനെ പിന്തള്ളുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ തിരിയുമ്പോൾ പിന്തുണച്ചുകൊണ്ട് സിപിഐയും സിപിഐഎമ്മും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം തരൂരിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.