ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമർശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി.സി ജോര്‍ജ്ജ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരായേക്കും. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലാണ് ഹാജരാവുക. ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് പി.സി ജോര്‍ജ്ജ് പൊലീസിന് അപേക്ഷ നല്‍കിയിരുന്നു.
മതവിദ്വേഷ കേസില്‍ ഹൈക്കോടതി മുന്‍കര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഈരാറ്റുപേട്ട പൊലീസ് നടത്തുന്നതിനിടെയാണ് ഹാജരാകാന്‍ സവാകാശം ആവശ്യപ്പെട്ട് പി.സി ജോര്‍ജ്ജ് അപേക്ഷ നല്‍കിയത്.
തിങ്കളാഴ്ച വരെ സമയം വേണമെന്നായിരുന്നു ആവശ്യം. രണ്ടു തവണ പൊലീസ് പി.സി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തിയെങ്കിലും വീട്ടില്‍ ഇല്ലായിരുന്നു. രണ്ടു ദിവസമായി ജോര്‍ജ്ജ് ഒളിവിലാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഈരാറ്റുപേട്ട എസ്എച്ച്ഒക്ക് മുന്നില്‍ ഹാജരാകുമെന്നാണ് ജോര്‍ജ്ജ് അറിയിച്ചിരിക്കുന്നത്.ഹാജരായാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.
ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം കോട്ടയം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും തള്ളി.തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.