ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച എൻ.ഐ.ടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. പ്രൊഫസർ ഷൈജ ആണ്ടവനെ കോഴിക്കോട് എൻ.ഐ.ടി ഡീൻ ആയാണ് നിയമിച്ചിരിക്കുന്നത്. ഏപ്രിൽ ഏഴു മുതലാണ് നിയമനം നിലവിൽ വരിക. സീനിയോറിറ്റി മറികടന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
2024ലെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമന്റ് ഇട്ട് വിവാദത്തിലായ അധ്യാപികയാണ് പ്രൊഫ. ഷൈജ ആണ്ടവൻ. എൻ.ഐ.ടി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപികയായ ഇവരെ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വകുപ്പിന്റെ ഡീൻ പദവിയിലേക്ക് ഉയർത്തി തിങ്കളാഴ്ചയാണ് രജിസ്ട്രാർ ഉത്തരവ് പുറത്തിറക്കിയത്.
രണ്ടുവർഷത്തേക്കുള്ള നിയമനം ഏപ്രിൽ ഏഴു മുതലാണ് പ്രാബല്യത്തിലാവുക. നിലവിലെ ഡീൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ ഡോ. പ്രിയ ചന്ദ്രൻ്റെ കാലാവധി കഴിയുന്ന പശ്ചാത്തലത്തിലാണ് നടപടി. ഗാന്ധി ഘാതകനെ പ്രകീർത്തിച്ച വിവാദ സംഭവത്തിൽ ഷൈജ ആണ്ടവൻ നിലവിൽ ജാമ്യത്തിലാണ്.
‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവൻ അന്ന് ഫേസ്ബുക്കിൽ കമൻ്റ് ഇട്ടിരുന്നത്. പിന്നാലെ കക്ഷിരാഷ്ട്രീയ ഭേദമന്യെ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എൻഐടി അധ്യാപക സമിതി ഇക്കാര്യത്തിൽ ഷൈജ ആണ്ടവനെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എൻ.ഐ.ടി അധികൃതർ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ നിയമനം സീനിയോറിറ്റി മറികടന്നാണെന്ന് ആരോപണവും ഉയരുന്നുണ്ട്. എൻഐടി പോലൊരു കേന്ദ്ര സ്ഥാപനത്തിൽ രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെയെ പ്രകീർത്തിച്ച ഒരാളെ ഉന്നത പദവിയിൽ നിയമിക്കുന്നതിനെതിരെ പൊതുസമൂഹത്തിൽ അമർഷവും ശക്തമാണ്.