Share this Article
Union Budget
SDPIക്കെതിരെ നടപടി കടുപ്പിക്കാന്‍ ഇഡി
SDPI

എസ്ഡിപിഐയ്‌ക്കെതിരെ നടപടി കടുപ്പിക്കാന്‍ ഇഡി. കഴിഞ്ഞ ദിവസം രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിഎഫ്‌ഐയുമായി ബന്ധപ്പെട്ടതിന്റെ നിരവധി രേഖകളാണ് ഇഡിക്ക് ലഭിച്ചിട്ടുള്ളത്. എസ്ഡിപിഐയ്‌ക്കെതിരെ അന്വേഷണവുമായി എന്‍ഐഎയും എത്തിയിരിക്കുകയാണ്.


എസ്ഡിപിഐയുടെ പേര് ഉപയോഗിച്ച് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം വന്‍ തോതില്‍ പണം ഒഴുക്കിയതിന്റെ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചിട്ടുള്ളത്. പിഎഫ്‌ഐയുടെ നേതാക്കളാണ് എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 


ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത പേരുകളിലാണ് ധനസമാഹരണം നടത്തിയിരുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. എസ്ഡിപിഐയിലൂടെ ഇന്ത്യയിലേക്ക് ഒഴുക്കിയ പണത്തിന്റെ വിവരങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഏജന്‍സികള്‍ വ്യക്തമാക്കി. ഇതിന് പുറമേ ഹവാല വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും പണകൈമാറ്റം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. 



ഗള്‍ഫ് രാജ്യങ്ങളില്‍ സമാന പാര്‍ട്ടി സംഘടനകള്‍ രൂപീകരിച്ചതായി കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്നീ പേരുകളിലായിരുന്നു സംഘടനകള്‍ രൂപീകരിച്ചത്. ഐഎഫ്എഫ് പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലും ഐഎസ്എഫ് എസ്ഡിപിഐയുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. റമദാന്‍ കളക്ഷന്‍ എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ധനശേഖരണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണെന്നുമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 



ഇന്ത്യയ്ക്കകത്തും പുറത്തും ക്രിമിനല്‍ ഗൂഢാലോചന നടത്തുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ടുകളുടെ പ്രധാന ഉപഭോക്താക്കള്‍ എസ്ഡിപിഐയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള മുഖമായാണ് എസ്ഡിപിഐയെ ഉപയോഗിച്ചിരുന്നത്. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സ്വതന്ത്ര സംഘനകളാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും എസ്ഡിപിഐയുടെ മുഴുവന്‍ നിയന്ത്രണവും പോപ്പുലര്‍ ഫ്രണ്ടിന്റേതാണെന്നാണ് ഇഡി വ്യക്തമായി. 


വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന സൂചനയാണ് ഇഡി നല്‍കുന്നത്. എസ്ഡിപിഐയുടെ പല നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ച് വരികയാണ്. ഇതില്‍ പലരും പിഎഫ്‌ഐയില്‍ നിന്ന് എസ്ഡിപിഐയില്‍ എത്തിയവരെന്നും വിവരമുണ്ട്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories