പരീക്ഷാച്ചൂടിനൊപ്പം അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടി ഉയര്‍ന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നു. ഒരു ദിവസം കൊണ്ട് കൂടിയത് 4 മില്യണ്‍ യൂണിറ്റ് ഉപഭോഗമാണ്. ഏപ്രില്‍ മാസം ആകുമ്പോഴേയ്ക്കും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തുമെന്നാണ് വിവരം.
വേനല്‍ ചൂട് കത്തിക്കയറുമ്പോള്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. 5100 മെഗാവാട്ട് വൈദ്യുതിയാണ് പീക്ക് സമയത്തെ ഉപഭോഗം. എസി പോലുള്ളവ കൂട്ടമായി പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ രാത്രി വൈകിയാണ് ഈ ഉപഭോഗത്തിലേക്ക് എത്തുന്നത്. നേരത്തെ ഫെബ്രുവരിയില്‍ വൈദ്യുതി ഉപഭോഗം 95 മില്യണ്‍ യൂണിറ്റ് വരെ എത്തിയിരുന്നു.
2024ല്‍ മാര്‍ച്ച് 11നാണ് വൈദ്യുതി ഉപഭോഗം 100 മില്യണ്‍ യൂണിറ്റ് കടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ചൂട് ഉയര്‍ന്നതിനൊപ്പം അന്തരീക്ഷത്തിലെ ആര്‍ദ്രതയും ഉയര്‍ന്നിരുന്നു. കാര്‍മേഘങ്ങളുടെ സാന്നിധ്യമാണ് ഇതിന് കാരണമായത്. ഇതോടെ താപസൂചിക കുതിച്ച് ഉയരുകയും രാത്രിയില്‍ പോലും താപനില 28 ഡിഗ്രിക്ക് മുകളിലേക്ക് എത്തുകയും ചെയ്തു. ഇതാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാന്‍ കാരണം.
80 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലാണ് അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ അളവ്. വരും ദിവസങ്ങളില്‍ ചൂടേറുമെന്ന പ്രവചനം നില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വീണ്ടും ഉയരും. 2024 മെയ് 3ന് രേഖപ്പെടുത്തിയ 115.9485 മില്യണ്‍ യൂണിറ്റാണ് നിലവിലെ ഏറ്റവും കൂടിയ ഉപഭോഗം.
ഈ വര്‍ഷം ഇത് 120 മില്യണ്‍ യൂണിറ്റിലേക്കെത്തുമെന്നാണ് കെഎസ്ഇബി കണക്ക് കൂട്ടുന്നത്. വൈദ്യുതി ഉപഭോഗം കൂടുന്നതോടെ വോള്‍ട്ടേജ് ക്ഷാമത്തിനും സാധ്യതയുണ്ട്.