ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ ആരംഭിച്ചെന്ന് വത്തിക്കാന്‍ അറിയിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് ബാധിച്ചിരുന്ന പനി വിട്ടുമാറിയെന്നും രക്ത പരിശോധനാ ഫലങ്ങള്‍ സാധാരണ നിലയിലേക്കെത്താന്‍ ആരംഭിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഇന്നലെ വിശുദ്ധ യൗസേപ്പിന്റെ തിരുനാളില്‍ അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു. പനി മാറിയെങ്കിലും ന്യൂമോണിയ പൂര്‍ണ്ണമായും ഭേദപ്പെട്ടെന്ന് പറയാനാകില്ല. ഉടനെ ആശുപത്രി വിടാനുള്ള സാധ്യത ഇല്ലെന്നും പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവാനാകാന്‍ സമയമെടുക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വസനം സുഗമമാക്കുന്നതിന് ശ്വസന ഫിസിയോതെറാപ്പിയും ചലനശേഷി മെച്ചപ്പെടുത്തുന്നതിന് ഫിസിക്കല്‍ തെറാപ്പിയും അദ്ദേഹത്തിന് നല്‍കുന്നുണ്ട്.