യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്ന ചാറ്റ് ഗ്രൂപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. ദ അറ്റ്‌ലാന്റിക് മാഗസിന്റെ എഡിറ്റര്‍ ചീഫ് ജെഫ്രി ഗോള്‍ഡ്ബര്‍ഗാണ് മേസേജിങ് ആപ്പായ സിഗ്നലിലെ ഗ്രൂപ്പിലേക്ക് ക്ഷണം കിട്ടിയത്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ സൈനിക പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് അതീവ ഗൗരവതരമായ സംഭവം. ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, യുഎസ് വിന്യസിക്കുന്ന ആയുധങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നതായും ജെഫ്രി ഗോള്‍ഡ്ബര്‍ഗ് വ്യക്തമാക്കി. ദേശീയ സുരക്ഷയെ അടക്കം ബാധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതരവീഴ്ചയുണ്ടായതിനാല്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.