ഗാസയില്‍ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനുകാർ. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലഹിയ മേഖലയിലാണ് പ്രതിഷേധം. ഹമാസ് ഔട്ട് എന്ന മുദ്രാവാക്യവുമായാണ് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചത്.
ഇസ്രയേല്‍ ഹമാസ് യുദ്ധം കനക്കുന്നതിനിടെയാണ് ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനുകാര്‍ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികള്‍ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. യുദ്ധം ഏറ്റവും ആഴത്തില്‍ ബാധിച്ച തെക്കന്‍ ഗാസയിലാണ് പ്രതിഷേധക്കാര്‍ അലയടിച്ചത്.
സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികള്‍ ഉയര്‍ത്തി. അതിനിടെ മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകള്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിന്‍വാങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരാനുള്ള അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ടെലിഗ്രാമില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ഒത്തുകൂടിയത്. യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസും സ്വന്തം മണ്ണില്‍ പ്രതിഷേധം നേരിടുന്നത്.