സൂചി ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ ശരീരത്തില്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ എച്ച്ഐവി ബാധ കൂടുന്നതായി ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. താത്ക്കാലിക ആനന്ദത്തിനായി ലഹരി കുത്തിവെയ്ക്കുമ്പോള്‍ ലഹരിക്കൊപ്പം എച്ച്ഐവിയും ശരീരത്തിലേക്ക് പ്രവേശിക്കുന്നു.
കേരളത്തില്‍ 80 ശതമാനം പേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്നാണ് എക്സൈസ് വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. സൂചിയില്‍ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാര്‍ കൈമാറുന്നത്. കൂട്ടുകൂടി ലഹരി കുത്തിവെക്കുന്ന മിക്കവരും ഒരേ സൂചിയാണ് പങ്കിടുന്നത്. ഉപയോഗിച്ച സൂചി ഇവര്‍ വീണ്ടും ഉപയോഗിക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.ഇതാണ് ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്ഐവി കേസുകള്‍ കൂടാന്‍ കാരണം. ഹെപ്പറ്റെറ്റസ് ബി, സി, രോഗങ്ങളും സമാനമായി രക്തത്തിലൂടെ പകരുന്നുണ്ട്.
കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ മലപ്പുറം വളാഞ്ചേരിയില്‍ രണ്ടുമാസത്തിനിടെ പത്ത് പേര്‍ക്കാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്.ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്.
കേരളത്തില്‍ 2021-ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്ഐവി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ 15 ശതമാനം പേരും 19 മുതല്‍ 25 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. ലഹരി കുത്തിവെപ്പാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. നേരത്തെ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍.