തിരക്കുള്ള റോഡില്‍ മിന്നല്‍ വേഗത്തില്‍ പായുന്ന സ്വകാര്യ ബസുകള്‍. കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണടിയും. കൊച്ചി നഗരത്തിലെ നിരത്തുകളെ വിറപ്പിക്കുകയാണ് സ്വകാര്യ ബസുകള്‍. മത്സരയോട്ടവും അപകടങ്ങളും പതിവായിട്ടും കേസുകൾ ഉണ്ടായിട്ടും സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ക്ക് ഒട്ടും കുറവില്ല.
വാഹന വകുപ്പും പൊലീസും രംഗത്ത് ഉണ്ടെങ്കിലും ഇതൊന്നും കണ്ട ഭാവം നടക്കാതെയാണ് ബസുകളുടെ പാച്ചില്‍. നിയമലംഘനം ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവുമാണ് ഫലം എന്ന് നാട്ടുകാര്‍ പറയുന്നു. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മത്സര ഓട്ടത്തിനിടെ ബസില്‍ നിന്ന് കാലുകള്‍ ഒടിഞ്ഞ യാത്രക്കാരി പറഞ്ഞു.
നഗരത്തില്‍ സര്‍വീസ് ബസുകളുടെ മത്സരപ്പാച്ചിലും അപകടങ്ങളുമായി ബന്ധപ്പെട്ട് മൂന്നുമാസത്തിനിടെ 5618 പെറ്റിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ 167കേസുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതി നിര്‍ദ്ദേശപ്രകാരം സിറ്റി പൊലീസ് ഹാജരാക്കിയ നടപടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത് വ്യക്തമാക്കിയത്. പൊലീസ് നടപടികളെ കോടതി പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കര്‍ശന നടപടികള്‍ അപകടമുണ്ടാകുമ്പോള്‍ മാത്രം പോരെന്നും അലക്ഷ്യമായ ഡ്രൈവിംഗിനെതിരേ സ്ഥിരമായ ജാഗ്രതവേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സിറ്റി പൊലീസ് കമ്മിഷണറും ഗതാഗത കമ്മിഷണറും തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കണം.
ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഗരത്തില്‍ കഴിഞ്ഞ 14ന് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരി ദാരുണമായി മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. സ്ത്രീ അടിയില്‍പ്പെട്ടിട്ടും ബസ് മുന്നോട്ടുപോയിരുന്നു.
പല ബസുകളും കൈകാര്യംചെയ്യുന്നത് ആര്‍.സി ഉടമകളല്ലെന്നും അത് വാടകയ്ക്കെടുത്തവരാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഡ്രൈവര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്നും പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു.