Share this Article
Union Budget
വായു, ജല, ശബ്ദമലിനീകരണം; ദുരിത ജീവിതം നയിച്ച് അയ്യന്‍കുഴിയിലെ 45 കുടുംബങ്ങള്‍
protest

കൊച്ചി: വായു, ജല, ശബ്ദമലിനീകരണം കൊണ്ട് പൊറുതിമുട്ടി ദുരിതജീവിതം നയിക്കുകയാണ് അയ്യന്‍കുഴിയിലെ 45 കുടുംബങ്ങള്‍. ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടിയുള്ള അയ്യന്‍കുഴി നിവാസികളുടെ സമരം 140 ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം കൊച്ചി റിഫൈനറില്‍ നിന്ന് പുറത്ത് വന്ന രാസമാലിന്യമായ കാറ്റ്‌ലിസ്റ്റ് അയ്യന്‍കുഴി പ്രദേശം ആകെ നിറഞ്ഞിരിക്കുകയാണ്. 

ഒരു ഭാഗത്ത് കൊച്ചി റിഫൈനറി, മറുഭാഗത്ത് എച്ച്ഒസി. രണ്ട് ഭാഗത്ത് നിന്നും ഒരേ പോലെ രാസമാലിന്യം വീടുകള്‍ക്ക് ഉള്ളിലേക്ക് പറന്നെത്തുന്നു. അയ്യന്‍കുഴിയിലെ ജനങ്ങളുടെ ഈ ദുരിത ജീവിതം തുടങ്ങിയിട്ട് വര്‍ഷം നാല്‍പ്പത് പിന്നിട്ടു. ജീവിക്കാനുള്ള പോരാട്ടത്തിലാണിവര്‍ നാല്‍പ്പത്തഞ്ച് കുടുംബങ്ങളും. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പ്രതിഷേധം തുടങ്ങിയിട്ട് 140 ദിവസം പൂര്‍ത്തികരിച്ചു. അധികൃതര്‍ തങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. രണ്ട് വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പുറത്ത് വരുന്ന കറുത്ത പുക ഇതിനോടകം ഇവരില്‍ പലരെയും മാറാരോഗികളാക്കി. പ്രദേശത്തെ കുടിവെള്ള സ്രോതസായ വലിയതോട് മലിനമായതോടെ കിണറുകളിലെ വെള്ളവും ഉപയോഗിക്കാന്‍ പറ്റാതായി. ഗതികെട്ട് 18 ഓളം കുടുംബങ്ങള്‍ വീട് ഉപേക്ഷിച്ച് വാടകയ്ക്ക് മറ്റിടങ്ങളിലേക്ക് ചേക്കേറിയെന്നും ഇവര്‍ പറയുന്നു. 

1984ല്‍ കമ്പനിക്കായി 100 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ കുടുംബങ്ങള്‍ താമസിക്കുന്ന ഒന്‍പതര ഏക്കര്‍ മാത്രം കമ്പനികള്‍ ഒഴിവാക്കി. ഇതോടെ ഈ 45 കുടുംബങ്ങള്‍ കമ്പനികള്‍ക്കിടയിലായി. അന്നുമുതലാണ് പ്രതിഷേധം ആരംഭിച്ചത്. അയ്യന്‍കുഴി നിവാസികളുടെ ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും പാലിക്കപ്പെട്ടില്ല. കോടതി ഇക്കാര്യം രണ്ട് കമ്പനികളോടും ചോദിച്ചെങ്കിലും തങ്ങള്‍ക്ക് പുതിയ പദ്ധതികളോ സാമ്പത്തികശേഷിയോ ഇല്ലെന്ന് അറിയിച്ച് ഇവര്‍ കൈയൊഴിഞ്ഞു. ആവാസയോഗ്യമല്ലെന്ന് കോടതികള്‍ പോലും വിധിയെഴുതിയ പ്രദേശത്തെ പാവപ്പെട്ട കുടുംബാംഗങ്ങള്‍ കാന്‍സര്‍, ശ്വാസകോശം ചുരുങ്ങുന്ന സി.ഒ.പി.ഡി, ത്വക് രോഗം എന്നിവയാല്‍ വലയുകയാണ്. പിറന്നുവീഴുന്ന കുഞ്ഞുങ്ങളും രോഗികളാണെന്ന് അമ്മമാര്‍ പറയുന്നു. മഴയത്തും മഞ്ഞുകാലത്തും താഴോട്ടിറങ്ങുന്ന കറുത്തപുകയ്ക്ക് കടുത്ത വിഷമായ പരാമറിന്റെ രൂക്ഷഗന്ധമാണ്. ശ്വാസം മുട്ട്, കണ്ണെരിഞ്ഞ് വെള്ളമൊഴുകുക, തൊണ്ടവേദന, ഓക്കാനിക്കാന്‍ തോന്നുക, ചൊറിച്ചില്‍ എന്നിവയുമായി പലരും ദിവസേന ചികിത്സ തേടുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories